EN

ഞങ്ങളെക്കുറിച്ച്


പൗരകേന്ദ്രീകൃതവും കാര്യക്ഷമവുമായ ഒരു സിവില്‍ സര്‍വ്വീസ് കെട്ടിപ്പടുക്കും എന്ന വാഗ്ദാനം നല്‍കിയാണ് 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നത്. അതോടൊപ്പം സാങ്കേതികവിദ്യയുടെ വികാസത്തെ സിവില്‍ സര്‍വ്വീസിനു അനുഗുണമാകുന്ന രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന കാഴ്ചപ്പാടും ആ സര്‍ക്കാരിന് ഉണ്ടായിരുന്നു. പൗര കേന്ദ്രീകൃത സിവില്‍ സര്‍വ്വീസില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് പൊതുജനങ്ങളുടെ പരാതികളിന്‍മേലുള്ള സമയബന്ധിതമായ പരിഹാരം.

ഈ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചാണ് 2016 ല്‍ അധികാരമേറ്റ എല്‍ ഡി എഫ് സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന പരാതിപരിഹാര സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സി എം ഒ പോര്‍ട്ടലിന് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിന്‍മേല്‍ കീഴ്ത്തട്ട് തലത്തില്‍ ഉചിത നടപടി ഉണ്ടാകാതിരിക്കുമ്പോഴോ, പരാതി പരിഹാരം സാധ്യാമാകാതെ വരുമ്പോഴോ ആണ് സി എം ഒ പോര്‍ട്ടല്‍ വഴി പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ഈ പോര്‍ട്ടലിലൂടെ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈവശം പരമാവധി വേഗത്തില്‍ എത്തിക്കുക എന്നതാണ് സി എം ഒ പോര്‍ട്ടലിന്റെ പ്രാഥമിക കര്‍ത്തവ്യം. പരാതികളിന്‍മേല്‍ ഗൗരവപൂര്‍ണമായ പരിശോധന നടന്നുവെന്ന് ഉറപ്പുവരുത്തുകയും പരാതിക്കാരന് പരാതികളിന്‍മേല്‍ കൈക്കൊണ്ട നടപടി സംബന്ധിച്ച് വിശദമായ മറുപടി ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പരാതി ലഭിക്കുന്ന പ്രാഥമിക ഘട്ടം മുതല്‍ പരാതി തീര്‍പ്പാക്കുന്ന അന്തിമ ഘട്ടം വരെയുള്ള വിശദവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, കമ്മീഷനുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ പ്രധാന ഓഫീസുകള്‍ എല്ലാം തന്നെ സി എം ഒ പോര്‍ട്ടല്‍ എന്ന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ 10000 ത്തിനടുത്ത് ഓഫീസുകള്‍ നിലവില്‍ ഈ ശൃംഖലയുടെ ഭാഗമാണ്.

വേഗതയ്ക്കും കാര്യക്ഷമതയ്ക്കും ഒപ്പം തന്നെ സിവില്‍ സര്‍വ്വീസിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ് സുതാര്യതയും. അതുകൊണ്ടുതന്നെ തങ്ങളുടെ പരാതി എപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് പരാതിക്കാരന് ഉറപ്പുവരുത്താന്‍ കഴിയണം. അതിനായി പരാതിനല്‍കിയ ആളിന് എസ്എംഎസിലൂടെയും 1076 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും പരാതിയുടെ നിജസ്ഥിതി അറിയാന്‍ കഴിയും. ഇതോടൊപ്പം തന്നെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും പരാതിയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് 2 ആഴ്ച്ചയാണ് അനുവദിക്കപ്പെട്ട സമയം. കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് പരാതിക്കാരന് മറുപടി നല്‍കേണ്ടതുണ്ട്. ഓരോ ഉദ്യോഗസ്ഥനും സമയപരിധി പാലിച്ചുകൊണ്ട് പരാതികള്‍ പരിശോധിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വകുപ്പു സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉചിതമായ തലത്തില്‍ പരിശോധന നടത്തിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. ഓരോ ഓഫീസിലും ലഭിക്കുന്ന പരാതികളിന്‍മേല്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന് ഉറപ്പുവരുത്താന്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പൊതുജനങ്ങളുടെ പരാതികളിന്‍മേല്‍ സുതാര്യതയോടുകൂടി പരിശോധനകള്‍ നടത്തി ഉചിത തീരുമാനം കൈക്കൊണ്ടുവെന്ന് ഉറപ്പുവരുത്തുകയാണ് സി.എം.ഒ പോര്‍ട്ടല്‍ ചെയ്യുന്നത്. അങ്ങനെ സിവില്‍ സര്‍വ്വീസിനെ കൂടുതല്‍ ജനകീയവും കാര്യക്ഷമവും ആക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടെ അടുക്കുകയാണ് നാം.